---
title: "സഹോദരി തുല്യയായ യുവതിക്ക് നേരെയുള്ള അതിക്രമത്തിൽ  അക്രമികളെ വെടിവെച്ച് വീഴ്ത്തി മലയാളി മുൻ സൈനികൻ ; ഒരാൾ കൊല്ലപ്പെട്ടു"
english_title: "Malayali ex-soldier shoots down attackers in attack on young woman who is like his sister; one killed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351311/Malayali ex-soldier shoots down attackers in attack on young woman who is like his sister; one killed"
published_at: "2026-04-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf7712134ad_1001176332.jpg"
keywords: []
---

# സഹോദരി തുല്യയായ യുവതിക്ക് നേരെയുള്ള അതിക്രമത്തിൽ  അക്രമികളെ വെടിവെച്ച് വീഴ്ത്തി മലയാളി മുൻ സൈനികൻ ; ഒരാൾ കൊല്ലപ്പെട്ടു

> **Lead Summary:** താനെയിലെ മുബ്രയിൽ യുവതിയെ ശല്യം ചെയ്ത സംഘത്തിന് നേരെ മലയാളി വെടിയുതിർത്തു. വെടിയേറ്റ അക്രമി സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. താനെ കൈലാഷ് നഗറിലെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ ഇന്നലെ രാവിലെ 11.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

## Article Content

താനെയിലെ മുബ്രയിൽ യുവതിയെ ശല്യം ചെയ്ത സംഘത്തിന് നേരെ മലയാളി വെടിയുതിർത്തു. വെടിയേറ്റ അക്രമി സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. താനെ കൈലാഷ് നഗറിലെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ ഇന്നലെ രാവിലെ 11.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

സായുധ സേനയിൽ മുൻ സൈനികനായിരുന്ന ജയൻ ശിവാനന്ദൻ നായർ എന്നയാളാണ് അക്രമി സംഘത്തിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്ബർ അബ്ദുൾ ഷെയ്ഖ് മരണപ്പെടുകയും കൂടെയുണ്ടായിരുന്ന അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

അനു ഷെയ്ഖ് ഹില എന്ന യുവതിയെ പ്രതികൾ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്നലെയും സമാനമായ രീതിയിൽ അക്രമികൾ യുവതിയെ പിന്തുടർന്നതോടെ സ്ഥലത്തെത്തിയ ജയൻ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന നാടൻ തോക്കുപയോഗിച്ച് ജയൻ ഇവർക്ക് നേരെ വെടിയുതിർത്തു. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ അക്രമികൾ ശല്യം ചെയ്തതിലുള്ള പ്രകോപനമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ മറ്റു രണ്ട് യുവാക്കൾ നിലവിൽ കൽസേക്കർ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351311/Malayali ex-soldier shoots down attackers in attack on young woman who is like his sister; one killed)